എന്നിലും നിന്നിലും




നിന്നിലേക്കുള്ളൊരാ വീഥികൾ
ഇന്നു മഞ്ഞുമൂടിക്കിടക്കവേ,
വഴിയറിയാതെ പാതിവഴിയിൽനിന്നു
വിലപിക്കുമാ മലരിൻ
മിഴികളിൽ നിന്നുതിർന്ന
ചുടുകണ്ണുനീർ കാണുവാൻ
ആരോരുമില്ലാത്തൊരീ വേളയിൽ
ഓർക്കാനായ് ബാക്കിയായത്
നിൻ വാക്കുകൾ മാത്രം.

എന്നോടടുക്കാനുള്ള
നിൻ ശ്രമംകാൺകെ
കാലം പുഛിച്ചു നിൽപ്പു
എങ്കിലും സൂര്യദേവനെ തൻ
സൂര്യകാന്തി കാത്തിരിക്കുംപോൽ
നിന്നിലേക്കെത്താൻ ഞാനും
ഹൃദയംതുറന്ന മനസ്സുമായ്
കാത്തിരിപ്പൂ...

ഞാനറിയുന്നു നിൻ വിലാപം
എന്നിട്ടുമെന്തേ നിന്നോടടുക്കാനാവുന്നില്ല
നീയാം  പ്രണയമഴയ്ക്കായ് ഞാൻ
കൊതിയോടെ കാത്തിരിപ്പൂ
എന്നിൽ നീയെന്നുപെയ്തലിയും...

നിന്നോടുള്ളൊരാ നൊമ്പരങ്ങൾ,
മായ്ച്ചാലും മായാത്ത വിരഹഗീതം.
തണലായ്‌ നീയെന്നരികെ
വന്നീടുകിൽ;
വേഴാമ്പലായ് ഞാനണഞ്ഞിടാം
ഹൃദയംകവരും സ്വപ്നമായ്
എന്നിൽ നീയും നിന്നിൽ ഞാനും.

വീണ്ടുമൊരുനോക്കു കാണാനായ്
എൻ മനം നിന്നെ തേടവേ
കാലത്തിന്റെ കൊടുംക്രൂരതയിൽ
തളയ്ക്കപ്പെട്ടുപോയി ഞാൻ.
എങ്കിലുമെന്നാത്മാവ്
നിൻലോകം തേടിവരും
അന്നുനീയെന്നരികിൽ വരുമ്പോൾ
ഏകാന്തനിദ്രയിൽ നിന്നുണരാൻകഴിയാതെ
വിലപിക്കുമെന്നാത്മാവ്...

മിഴിവാർക്കുമൊരിതളായ് ഞാൻ
മൃത്യുതൻ മടിയിൽ തലചായ്ക്കുംനേരം
നീയെന്നരികെ വന്നീടുകിൽ,
തരളിതമാം നിന്മുഖം കാൺകെ
ജീർണ്ണമായിപ്പോയി ഞാൻ.

നിൻ സ്പർശനമേറ്റു
ഞാനുണർന്നെങ്കിലെന്നാശിപ്പൂ...

ഇനിയുള്ള കാലംവരെയും
മണ്ണോടലിയാതെ,
നിന്നോടലിഞ്ഞെങ്കിലെന്നാശിപ്പൂ...💘







Comments

Popular posts from this blog

പ്രണയം

കാട്ടിൽ മേക്കത്തിൽ അമ്പലം

LOVE